Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

കാവിയും കോടിയും........

രാജേഷ്‌ മേനോന്‍
Tuesday Jun 14 2011 14:49 IST

അഴിമതിക്കും കള്ളപ്പണത്തിന്നുമെതിരെ ഹസാരെ നയിച്ച ഉപവാസ സമരത്തിനു കിട്ടിയ പ്രചാരമായിരിക്കണം യോഗ ഗുരു രാംദേവ് നിരഹാര സമരം നടത്താന്‍ തീരുമാനിച്ചതിനു പിന്നില്‍. അദ്ദേഹത്തിനു പിന്തുണ നല്‍കിയവരില്‍ ചിലരുടെയെങ്കിലും ആത്മാര്‍ഥതയും യഥാര്‍ത്ഥ തല്‍പര്യങ്ങളിലും ഒരു നല്ല വിഭാഗം ജനങ്ങളില്‍ സംശയം ജനിപ്പിച്ചതാവണം ഹസാരെയുടെ സമരത്തിനു ലഭിച്ച ജനപിന്തുണയോന്നും രാംദേവിന്റെ പഞ്ചനക്ഷത്ര പന്തലിലെ സമരത്തിനു ലഭിക്കാതെ പോയത്. രാംദേവിനു സ്തുതി പാടാനും ജയ് വിളിക്കാനും വലിയ സംഘങ്ങള്‍, ആയിരത്തോളം വോളന്റിയര്‍മാര്‍, ഏസി പന്തലുകള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍, വിശ്രമിക്കാന്‍ കിടക്കകള്‍ എന്നിവയല്ലാം സമര പന്തലില്‍ ഉണ്ടായിരുന്നു. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട്‌ പോലും ഇല്ലെന്നു പറഞ്ഞ ഖാദി വസ്ത്ര ധാരിയില്‍ നിന്നും കാഷായ വസ്ത്രധാരിയിലേക്ക് അഴിമതിക്കെതിരായ സമരം മാറിയപ്പോള്‍ ഉപവാസം ഒരു സ്പോണ്‍സേര്‍ഡ് പ്രോഗ്രാമായി മാറി. സന്യാസി എന്ന പദത്തിന് എല്ലാം ത്യജിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം പക്ഷെ ഇവിടെ എല്ലാം വെട്ടിപ്പിടിക്കുന്നതല്ലെ നാം കാണുന്നത്.

ഇടയ്ക്ക് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്റെ പേര് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാംദേവ് പല വിവാദങ്ങളിലും നിറഞ്ഞുനിന്നിരുന്നു. ശങ്കരാചാര്യരുടെ വേദാന്ത ചിന്ത തനിക്ക് പഥ്യമല്ല എന്നും ബ്രഹ്മസത്യം ജഗത്മിഥ്യ എന്നതിനോട് യോജിക്കാനാവില്ല എന്നും രാംദേവ് പറഞ്ഞത് വിവാദങ്ങള്‍ക്കിടയാവുകയും പ്രമുഖ സന്യാസിമാരെല്ലാം ഇതിനെ വിമര്‍ശിച്ചപ്പോള്‍ ക്ഷമ പറയുകയും ചെയ്തിരുന്നു. യു. പി. യിലെ ദേഖ് ഖണ്ടില്‍ മുസ്‌ലിം മതസമ്മേളനത്തില്‍ വന്ദേമാതരത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയപ്പോള്‍ രാംദേവും അതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ക്ഷുഭിതരായ സന്യാസി ആചാര്യന്മാര്‍ കഴിഞ്ഞ കുംഭമേളയില്‍ രാംദേവിനു സ്നാനം ചെയ്യാന്‍ അവസരം നിഷേധിച്ചിരുന്നു. രാംദേവിന്റെ ദിവ്യ ഫാര്‍മസിയില്‍ ഉണ്ടാക്കുന്ന ചില മരുന്നുകളില്‍ മൃഗങ്ങളുടെ എല്ല് പൊടിച്ചു ചേര്‍ക്കുന്നുവെന്ന്‍ സി.പി. എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വിവാദം ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ വൈദ്യുതി മോക്ഷണത്തിന്റെ പേരിലും രാംദേവ് വിവാദത്തില്‍ പെട്ടിരുന്നു. അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ടീയ കക്ഷിക്ക് രൂപം നല്‍കുമെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു രാംദേവ്.
ഹരിയാനയിലെ ജീണ്ട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ യോഗ പഠിപ്പിച്ചിരുന്ന രാംദേവ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡ്‌ യോഗ ഗുരുവായി മാറി. വിവിധ ലോക രാജ്യങ്ങളിലായി മൂന്ന്കോടി ജനങ്ങള്‍ ദിവസവും ഈ യോഗ ശാസ്ത്രങ്ങള്‍ ടി.വി യില്‍ കാണുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇന്ന് കാണുന്ന രാംദേവിന്റെ വളര്‍ച്ച രണ്ടായിരത്തിമൂന്നില്‍ ആസ്ത ടി.വി യില്‍ രാംദേവിന്റെ യോഗക്ലാസ്സ്‌ തുടങ്ങിയതു മുതലാണ്‌.തനിക്ക് ഒരു കാവിമുണ്ടും പുതപ്പും മെതിയടിയുമേ സ്വന്തമായി ഉള്ളുവെന്ന്‍ പറയുകയും അതേ സമയം പ്രതിവര്‍ഷം ആയിരം കോടി രൂപ വിറ്റുവരവുള്ള ഒരു വ്യാപാര ശൃംഖലയുടെ അധിപനുമാണ് രാംദേവ്. ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ സര്‍വകലാശാല എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തിആറില്‍ രാംദേവ് പതാഞ്ജലി യോഗപീഠം ആരംഭിച്ചു. ഹരിദ്വാറില്‍ നിന്നും പതിമൂന്നുകിലോമീറ്റര്‍ അകലെയാണ് ഈ സ്ഥാപനം. പതാഞ്ജലി ചികില്‍സാലയം, യോഗശ്രമം, യോഗശാല, പതാഞ്ജലി ഹെര്‍ബല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഓര്‍ഗാനിക് കാര്‍ഷിക ഫാം, പതാഞ്ജലി ഫുഡ്സ്, ഹെര്‍ബല്‍പാര്‍ക്ക്, എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഇതിനു ശാഖകള്‍ ഉണ്ട്. സ്കോട്ട് ലാന്‍ഡിനു സമീപം ലിറ്റില്‍ കുംബ്രേ എന്ന ദ്വീപും രാംദേവിന് സ്വന്തമായി ഉണ്ട്.

ഉപവാസ സമരത്തിനോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങളില്‍ ഇരട്ടനയമാണ് നമുക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത്. മനുഷ്യസഹജമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മേധാപട്കര്‍ വഴിയോരത്ത് ദിവസങ്ങളോളം നിരാഹാരം കിടന്നിട്ടും ഒരു മന്ത്രിയും തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാല്‍ രാംലീല മൈതാനത്തുനടന്ന പഞ്ചനക്ഷത്ര ഉത്സവത്തിന് കുഉട്ടിരിക്കാനും ചര്‍ച്ച ചെയ്യാനും അതു പ്രചരിപ്പിക്കാനും ചാനലുകാരും മറ്റു പ്രമുഖ വ്യക്തികളും ചില മത രാഷ്ട്രിയ സംഘടനകളും കാണിക്കുന്ന ശുഷ്കാന്തി സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ ഒരു പ്രമുഖ വ്യക്തിക്കും നല്‍കാത്ത പരിഗണനയോടെ നാലു കാബിനറ്റു മന്ത്രിമാര്‍ രാംദേവിനെ വിമാനത്താവളത്തില്‍ പോയി സ്വീകരിക്കാനുള്ള സാഹചര്യം എന്തായിരിക്കണം?.. വഴിവിട്ട പലതിനും കൂട്ടുനിന്നും, നടത്തിയും അധികാര നഷ്ടം ദുസ്വപ്നം കാണുന്ന അധികാര വര്‍ഗ്ഗം ഇതും ഇതിലപ്പുറവും ചെയ്യും.

യോഗയും, നൃത്തവും, പാട്ടുപഠിക്കലും ഒക്കെ ഫാഷനായി മാറിയ ഇക്കാലത്ത് ജോലിചെയ്യാതെ പണമുണ്ടാക്കുവാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ പ്രശസ്തി നേടാന്‍ നിരാഹാരത്തെയും, ഉപവാസത്തെയും കൂട്ടുപിടിക്കേണ്ടിവരും. ഗാന്ധിജി നല്‍കിയ ഒരു സമര മുഖത്തെ ഇങ്ങനെ തെരുവില്‍ അശ്ലീലമാക്കുന്നതിന് ആരെയാണ് ശിക്ഷിക്കേണ്ടത്.ആള്‍ദൈവങ്ങള്‍ കൈവരിച്ച ഈ സംഘടിത സ്വഭാവം അപകടകരമായ പ്രവണതയാണെന്ന് ജനങ്ങള്‍ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കാവിയും കോടിയും........